കോവിഡ്-19 എന്ന മഹാമാരിയുടെ മൂന്നാം തരംഗം കടന്നിരിക്കുകയാണ്. ആദ്യരണ്ടു തരംഗങ്ങളെ അപേക്ഷിച്ച് മൂന്നാം തരംഗത്തിന് തീവ്രത കുറഞ്ഞതിനാൽ ജനങ്ങൾക്ക് കരുതലും കുറഞ്ഞിരിക്കുന്നു. എന്നാൽ കോവിഡ്-19 വ്യക്തികളെ വ്യത്യസ്ത അളവുകളിൽ ആണ് ബാധിക്കുന്നതാണ്. തുടക്കത്തിൽ കോവിഡ് ഒരു ഹ്രസ്വകാല രോഗമാണെന്ന് വിശ്വസിച്ചിരുന്നു. പക്ഷേ കോവിഡ് കുറച്ചു ദിവസങ്ങളിലെ നേരിയ ലക്ഷണങ്ങൾ മുതൽ മരണം വരെ സംഭവിക്കാവുന്നതാണ്. കോവിഡ് ഒരു “മൽടി സിസ്റ്റം ഇൻഫ്ലമേടറി ഡിസീസ് ” ആണ്.
ചില രോഗികളിൽ സാരമായ ലക്ഷണങ്ങൾ ആഴ്ചകളോ മാസങ്ങളോ പോലും കാണപ്പെടുന്നു. ഇതിനർത്ഥം കോവിഡിൽ നിന്ന് സുഖം പ്രാപിച്ച ആളുകളുടെ ഒരു ഉപവിഭാഗം വൈറസിന് നെഗറ്റീവ് ടെസ്റ്റ് ചെയ്യുന്നതിനും അപ്പുറത്തുള്ള ലക്ഷണങ്ങൾ തുടർന്നും അനുഭവപ്പെടുന്നു എന്നാണ്. “ലോംഗ്-കോവിഡ്” അല്ലെങ്കിൽ “പോസ്റ്റ്-കോവിഡ് സിൻഡ്രോം”എന്നാണ് ഇതിന് പറയുന്നത്.
ജലദോഷം, തൊണ്ടവേദന, വരണ്ട ചുമ, ശ്വാസതടസ്സം എന്നിവയാണ് കോവിഡ ബാധയിൽ സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങൾ എന്നാൽ ഇപ്പോൾ അതിൻ്റെ തീവ്രത കുറയുകയും അത് ശരീരത്തിലുണ്ടാക്കുന്ന അനന്തരഫലങ്ങൾ കൂടുതൽ ശക്തിയേറി വരികയും ആണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
തലവേദന, കണ്ണ് ചൊറിച്ചിൽ, സൈനസൈറ്റിസ്, മുടി കൊഴിച്ചിൽ, താരൻ, രുചിയില്ലായ്മ മണം ഇല്ലായ്മ, കാഴ്ചക്കുറവ്, തൊണ്ടവേദന, ശ്വാസതടസ്സം, ക്ഷീണം, സന്ധിവേദന, ദഹനക്കേട്, നെഞ്ചരിച്ചിൽ, വയറിളക്കം അല്ലെങ്കിൽ വയർ സ്തംഭനം, ആർത്തവക്രമക്കേടുകൾ, വിളർച്ച, ആശയക്കുഴപ്പം, ഓർമ്മക്കുറവ് മാനസിക സമ്മർദ്ദം ,വിഷാദം എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന കോവിഡാനന്തര പ്രശ്നങ്ങൾ. ചിലരിൽ രക്തക്കുഴലുകളിൽ നീർവീക്കം ഉണ്ടാകുന്നു. രക്തം കട്ടപിടിക്കാനുള്ള സാധ്യതയും കൂടുതലായി കണ്ടുവരുന്നു.
ഇത്തരം സന്ദർഭങ്ങളിൽ സ്വയംചികിത്സ ഒഴിവാക്കേണ്ടതാണ്. ചികിത്സ ഓരോ വ്യക്തികൾക്കും വ്യത്യസ്തമാണ് . അതുകൊണ്ട് അപൂർണ്ണമായ അറിവും സ്വയം ചികിത്സയും അപകടത്തെ വിളിച്ചുവരുത്തും.
പ്രത്യേകമായി ശ്രദ്ധിക്കേണ്ടതും ഉടനെ വൈദ്യസഹായം തേടേണ്ടതുമായ 4 ലക്ഷണങ്ങൾ :-
1) ദീർഘകാലം വിട്ടുമാറാതെ നിൽക്കുന്ന പനി
2) ബോധക്ഷയം അല്ലെങ്കിൽ അപസ്മാരം
3) പെട്ടെന്നുണ്ടാകുന്ന തളർച്ച, പക്ഷാകാതം
4) അതിശക്തമായ വയറിളക്കം.
ഇത്തരം ലക്ഷണങ്ങൾ ദീർഘകാലം നിലനിൽക്കുകയാണെങ്കിൽ ശരിയായ ആയുർവേദ ചികിത്സ തേടേണ്ടതാണ്.
ഏതൊരു പകർച്ചവ്യാധിയും പോലെ കരുതലോടെയുള്ള ജീവിതശൈലിയിലൂടെയും ഭക്ഷണക്രമീകരണങ്ങളിലൂടെയും കോവിഡിനെതിരെയും നമുക്ക് ആഹാരം, ഉറക്കം, ശരിയായ വ്യായാമം എന്നീ മൂന്ന് കാര്യങ്ങളിലൂടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാം. ഇതിനായി നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. :-
- ധാരാളമായി വെള്ളം കുടിക്കുക -കുട്ടികൾ ഏകദേശം 750 മുതൽ 800 മില്ലി ലിറ്റർ വെള്ളം ദിവസേന കുടിക്കാൻ ശ്രദ്ധിക്കുക. മുതിർന്നവർ മൂന്ന് മുതൽ നാല് ലിറ്റർ വരെയും ദിവസേന കുടിക്കുക
- പോഷകസമൃദ്ധമായ ആഹാരം കഴിക്കുക. വിറ്റാമിൻ ബി,വിറ്റാമിൻ സി,വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി ഉൾപ്പെടുത്തുക.
- ഇലക്കറികൾ കൂടുതലായി ആഹാരത്തിൽ ഉൾപ്പെടുത്തുക.
- പ്രോട്ടീൻ അടങ്ങിയ ഇറച്ചി, ഡ്രൈ ഫ്രൂട്ട്സ്, പയറുവർഗ്ഗങ്ങൾ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.
- വ്യായാമം ശീലമാക്കുക. എന്നാൽ രോഗം ഭേദമാകുന്നതോടെ ചിലർ ജിമ്മുകളിലേക്കും മറ്റും പോയി തുടങ്ങും. ഇതോടെ ശരീരത്തിൽ രക്തചംക്രമണം നടക്കുകയും ഹൃദയാഘാത സാധ്യത ഏറുകയും ചെയ്യുന്നു. രക്തക്കുഴലിലെ നീർവീക്കം മൂലം തലച്ചോറിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്നത് പക്ഷാഘാതത്തിനും കാരണമാകുന്നു. കോവിഡ് ശ്വാസ കോശത്തെ സാരമായി ബാധിച്ചവർക്ക് കഠിനമായ വ്യായാമങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടുകൾ ഉണ്ടാകും. അതിനാൽ അവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം വ്യായാമങ്ങൾ ചെയ്തു തുടങ്ങുക. വ്യായാമം ചെയ്യുന്നതിലൂടെ പേശികളിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയാണ് വേണ്ടത്. അതിനാൽ മസിൽ സ്ട്രെച്ചിങ് വ്യായാമങ്ങൾ ചെയ്യാൻ ശ്രമിക്കുക.
- ദിവസേന ആറു മുതൽ എട്ട് മണിക്കൂർ വരെയെങ്കിലും ഉറങ്ങുക.
രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കനായി ഒഴിവാക്കേണ്ട ശീലങ്ങൾ :-
- പുകവലി ഒഴിവാക്കുക
- മദ്യപാനം ഒഴിവാക്കുക
- മൈദ അടങ്ങിയ ഭക്ഷണങ്ങൾ, പ്രോസസ്ഡ് ഫുഡ് ഐറ്റംസ്, മധുര പലഹാരങ്ങൾ, ഉപ്പ് അമിതമായി അടങ്ങിയ ഭക്ഷണസാധനങ്ങൾ, കൊഴുപ്പ് അധികമായി അടങ്ങിയ ആഹാരങ്ങൾ എന്നിവ ഒഴിവാക്കുക
- മാനസിക സമ്മർദ്ദം കുറയ്ക്കുക, യോഗ, മെഡിറ്റേഷൻ എന്നിവ പതിവാക്കുക.
ഭീതി അല്ല വേണ്ടത് ജാഗ്രത
കോവിഡ് പുതിയ വൈറസ് ആയതിനാൽ ഏതെല്ലാം രീതിയിൽ അത് ബാധിക്കുമെന്ന് പ്രവചിക്കാൻ സാധ്യമല്ല. അതിനാൽ കോവിഡ് ബാധിച്ചാലും രോഗബാധയ്ക്കു ശേഷം മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാലും ഭീതി കൂടാതെ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ആരോഗ്യകരമായ ജീവിതശൈലിയിലുടെയും, തുടർച്ചയായ വൈദ്യസഹായം തേടുകയും, ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയുമാണ് ഇതിനുള്ള പരിഹാരമാർഗ്ഗങ്ങൾ.