ആയുർവേദത്തിലൂടെ മൈഗ്രേൻ എങ്ങനെ കീഴടക്കാം

വളരെ സാധാരണമായി കാണപ്പെടുന്ന ഒരു ന്യൂറോളജിക്കൽ രോഗമാണ് മൈഗ്രെയ്ൻ. തലവേദനകളിൽ ഏറ്റവും കാഠിന്യമേറിയതാണ് കൊടിഞ്ഞി അല്ലെങ്കിൽ ചെന്നിക്കുത്ത് എന്നറിയപ്പെടുന്ന മൈഗ്രേൻ. സാധാരണ തലവേദനയേക്കാൾ രൂക്ഷവും ഭയാനകവുമാണിത്.അതുകൊണ്ട് തന്നെ  നമ്മുടെ നിത്യ ജീവിതത്തെ വളരെ സാരമായി ബാധിക്കുന്ന അസുഖമാണിത്. മൈഗ്രെയ്നിനെ ചികിത്സിക്കുന്നത് പലപ്പോഴും വളരെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ലോകത്താകമാനം പത്തിൽ ഒരാൾക്ക് മൈഗ്രേൻ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഈ തലവേദന ഉണ്ടാകാറുണ്ടെങ്കിലും കൂടുതലും സ്ത്രീകളിലാണ് മൈഗ്രേൻ കാണപ്പെടുന്നത് എന്നാണ് പഠനങ്ങൾ കാണിക്കുന്നത്.തലയുടെ ഒരു വശത്തോ അല്ലെങ്കിൽ ഇരുവശത്തോ മിതമായതോ അസഹനീയമായതോ ആയ വേദന ആണ് ഇതിൻ്റെ പ്രധാന ലക്ഷണം. അതിനോടൊപ്പം ഛർദ്ദി, കണ്ണുകൾക്ക് വേദന, മുഖമാകെ തരിപ്പ്, വെളിച്ചം കാണാനുള്ള ബുദ്ധിമുട്ട്, ഉച്ചത്തിലുള്ള ശബ്ദത്തോടുള്ള അസഹ്യത എന്നിവയെല്ലാം മൈഗ്രേനോട് അനുബന്ധിച്ചെത്തുന്ന ശാരീരിക വിഷമതകളാണ്. ഈ ലക്ഷണങ്ങൾ നാല് മണിക്കൂർ മുതൽ മൂന്ന് ദിവസം വരെ നീണ്ടുനിൽക്കുകയും രോഗികളെ അവരുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് തടയുകയും ചെയ്തേക്കാം.

മൈഗ്രേനിന്റെ രോഗകാരണം കൃത്യമായി നിർവചിക്കുക എന്നത് വൈദ്യശാസ്ത്രത്തിനും കഴിഞ്ഞിട്ടില്ല. എന്നാൽ ആരോഗ്യ രംഗത്ത് നടത്തിയ ചില പഠനങ്ങൾ മൈഗ്രേനിന്റെ പ്രധാന കാരണമായി പറയുന്നത് തലച്ചോറിന്റെയും രക്തക്കുഴലുകളുടെയും അമിതമായ ഉത്തേജനമാണ്. രക്തത്തിൽ കാണപ്പെടുന്ന ചില ഹിസ്റ്റമിനുകളുടെ സാന്നിധ്യവും രോഗ കാരണമാണ്. തലച്ചോറിൽ ശരിയായ രക്തചംക്രമണം ഇല്ലാതെ വരിക, മാനസിക പിരിമുറുക്കങ്ങൾ എന്നിവയൊക്കെ ചെന്നിക്കുത്തിന് കാരണമാകാം.തലച്ചോറിൽ ഉത്പാദിപ്പിക്കപ്പെടുന്ന മറ്റു ചില രാസപദാർത്ഥങ്ങളും മൈഗ്രേൻ ഉണ്ടാകാൻ കാരണമാകും. ഇതുമായി ബന്ധപ്പെട്ട് ഗവേഷകർ നടത്തിയ ഒരു പഠനത്തിൽ, തലച്ചോറിൽ ഉത്പാദിപ്പിക്കുന്ന കാല്‍സിടോണിന്‍ ജീന്‍ റിലേറ്റഡ് പെപ്റ്റൈഡ് (calcitonin gene-related peptide – CGRP) എന്ന പദാർത്ഥം മൈഗ്രേനിന്റെ ഭാഗമായി ഉണ്ടാകുന്ന ശക്തമായ തലവേദനയ്ക്കും ശബ്ദം, വെളിച്ചം എന്നിവ മൂലമുണ്ടാകുന്ന അസ്വസ്ഥതകൾക്കും കാരണമാകുമെന്നും കണ്ടെത്തിയിട്ടുണ്ട്.

 മൈഗ്രേൻ അനുഭവപ്പെടുന്ന മിക്ക ആളുകളും തലവേദനയുടെ താത്കാലിക ശമനത്തിനായി വേദനസംഹാരികലെ ആണ് ആശ്രയിച് വരുന്നത്. ഇത് കഠിനമായ വേദനക്ക് താത്കാലിക ശമനം മാത്രമേ നൽകുന്നുള്ളൂ, രോഗശമനത്തിന് ഒട്ടും സഹായിക്കുന്നില്ല എന്നതിലുപരി നമ്മുടെ വൃക്കകലെയും കരളിനെയും സാരമായി ബാധിക്കുകയും ചെയ്യും. എന്നാൽ രോഗത്തെ നന്നായി മനസ്സിലാക്കുന്നവർ ഇന്ന്  മൈഗ്രെയ്ൻ ചികിത്സിക്കാൻ ആയുർവേദ ചികിത്സയിലേക്ക് വരുന്നുണ്ട്. മൈഗ്രനിൻ്റെ വേരറിഞ്ഞുള്ള ശെരിയായ ആയുർവേദ ചികിത്സയിലൂടെ  വേദന നിയന്ത്രിക്കുകയും നിത്യമായ രോഗശമനം സാധ്യമാവുകയും ചെയ്യും. 

ആയുർവേദത്തിൽ മൈഗ്രേൻ സൂര്യവാതം എന്നാണ് അറിയപ്പെടുന്നത്, കാരണം ഇത് സൂര്യോദയത്തിന് ശേഷം തുടങ്ങുകയും ഉച്ചയോടെ അത്യുന്നതത്തിലെത്തുകയും വൈകുന്നേരത്തോടെ കുറയുകയും ചെയ്യുന്നതാണ്. മൂന്ന് ദോഷങ്ങളിൽ, വാതവും പിത്തവും ആണ് മൈഗ്രേനുകളിൽ പ്രധാനമായി വരുന്നത്. ആയുർവേദത്തിൽ മൈഗ്രേനിനെ കേവലം ഒരു  തലവേദനയായി മാത്രമയല്ല കണക്കാക്കുന്നത്.മറിച്ച്, അതിനെ നാഡീവ്യൂഹത്തിൻ്റെ തകരാറായോ, ദഹനം സംബന്ധിച്ച പ്രശ്നങ്ങലായോ ആണ് മനസ്സിലാക്കുന്നത്. മൈഗ്രേനിൻ്റെ കഠിനമായ വേദനക്ക് പരിഹാരമാകുന്ന ചില ആയുർവേദ ചികിത്സകളുണ്ട്. ഇവ അസഹ്യമായ വേദനയെ മറ്റു പാർഷഫലങ്ങൾ ഇല്ലാതെ തന്നെ സുഖപ്പെടുത്താൻ സഹായിക്കുന്നു.

 

സ്നേഹ നസ്യ

തോളിനു മുകളിലുള്ള വേദനകളെ നിയന്ത്രിക്കാൻ ആയുർവേദം രൂപപ്പെടുത്തിയ ചികിത്സാരീതിയാണ് സ്നേഹ നസ്യ. മൂക്കിൽ ഒഴിക്കുന്ന ഔഷധം ശിരസ്സിന്റെ മധ്യഭാഗത്ത് എല്ലാ സ്രോതസ്സുകളും വന്നു ചേരുന്ന സ്ഥലത്ത് എത്തി ശിരസ്സിലാകമാനവും കണ്ണ്, ചെവി, നാക്ക്, കഴുത്ത് എന്നിവയുടെ സ്രോതസ്സുകളുടെ ദ്വാരങ്ങളിലും വ്യാപിച്ച് അവിടങ്ങളിൽ പറ്റിപ്പിടിച്ച് രോഗകാരണമായിത്തീരാനിടയുള്ള ദോഷങ്ങളെ ശിരസ്സിൽ നിന്ന് വേർപെടുത്തി വായിൽക്കൂടി പുറത്തേക്കു കളയുന്നതാണ് പ്രക്രിയ. ഈ ചികിത്സ മൈഗ്രേൻ മൂലമുണ്ടാകുന്ന കഴുത്തിൻ്റെയും തോളിൻ്റെയും വേദന കുറയ്ക്കാൻ സഹായിക്കുന്നു.

 

ശിരോവസ്തി

പുറം തല ഒരു തുകൽ തൊപ്പി കൊണ്ട് മൂടി അതിൽ ചൂടുള്ള ആയുർവേദ ഔഷധ മിശ്രിതം ഒരു നിശ്ചിത സമയത്തേക്ക് തലയിൽ വയ്ക്കുന്നതാണ് ഈ ചികിത്സരീതി . രോഗിയുടെ തലയിൽ കെട്ടിയ ബാൻഡേജും തുറന്ന തലയുള്ള തൊപ്പിയും ഉപയോഗിച്ചാണ് എണ്ണ പിടിപ്പിക്കുന്നത്. ചൂടുള്ള  ഈ  ഔഷധ എണ്ണ തൊപ്പിയിൽ ഒഴിച്ച് തലയോട്ടിയിൽ തേച്ച് ഒരു നിശ്ചിത സമയത്തേക്ക് കുതിർക്കാൻ അനുവദിക്കുന്നതിലൂടെ വാത-പിത്ത ദോഷങ്ങൾ ക്ഷമിക്കുന്നു. മൈഗ്രെയിനുകൾക്കും വിഷാദരോഗങ്ങൾക്കും ഈ ചികിത്സ വളരെ ഉപയോഗപ്രദമാണ്.

 

ശിരോധാര

കേന്ദ്ര ദ്വാരമുള്ള ഒരു പാത്രത്തിൽ ഔഷധ എണ്ണ നിറച്ച് രോഗിയുടെ തലയ്ക്ക് മുകളിൽ ആറ് മുതൽ എട്ട് ഇഞ്ച് വരെ ഉയരത്തിൽ തൂക്കി നേർത്ത ചൂട് ദ്രാവകം തലയോട്ടിയിൽ ഒഴിക്കുന്നതാണ് ശിരോധാരയുടെ പ്രക്രിയ.എണ്ണയുടെ തുടർച്ചയായ പ്രവാഹം നെറ്റിയിൽ ഒരു വൈബ്രേഷൻ സൃഷ്ടിക്കുന്നു. ഇത് ഹോർമോണുകളെ നിയന്ത്രിക്കാനും മാനസിക സമ്മർദ്ദം ഒഴിവാക്കാനും സഹായിക്കുന്നൂ. കൂടാതെ ഔഷധ എണ്ണ ഉപയോഗിക്കുന്നത് രക്തക്കുഴലുകൾ വികസിപ്പിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും അതുവഴി തലച്ചോറിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുകയും മാനസിക ക്ഷീണം ഇല്ലാതാക്കുകയും ചെയ്യുന്നു.

 

ശിരോലേപ

പിത്തദോഷം ശമിപ്പിക്കാൻ ചന്ദനം, കർപ്പൂരം, ജടാമാംസി തുടങ്ങിയ ഔഷധസസ്യങ്ങൾ കൊണ്ട് ഉണ്ടാക്കിയ മിശൃതം രോഗിയുടെ നെറ്റിയിൽ പുരട്ടുന്ന ഒരു പ്രക്രിയ ആണിത്. ഇതിന് മുന്നോടിയായി ചില പ്രത്യേക എണ്ണകൾ നെറ്റിയിൽ പുരട്ടി  തല വാഴയില കൊണ്ട് പൊതിഞ്ഞ് വച്ച് ഒരു മണിക്കൂറിന്ന് ശേഷം തുടച്ചുമാറ്റും.

ഇതോടൊപ്പം നല്ല ഉറക്കം ,ശരിയായ സമീകൃതാഹാരം, ശരീരത്തിന് ആവശ്യമായ വെള്ളം എന്നിവയും ആയുർവേദം നിർദ്ദേശിക്കുന്നു. മൈഗ്രേനിന്റെ കാര്യത്തിൽ വേദന നിയന്ത്രിക്കാൻ പ്രകൃതിദത്ത ചികിത്സകൾക്കൊപ്പം മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കുന്നതും ഉപയോഗപ്രദമാകും. അനുയോജ്യമായ ജീവിതശൈലി മാറ്റവും ആയുർവേദ ചികിത്സകളും ഉപയോഗിച്ച് മൈഗ്രെയ്നിൽ നിന്ന് നമുക്ക് ശാശ്വതമായ മുക്തി ലഭിക്കുന്നതാണ്.